മാഡ്രിഡ്: സ്പെയിന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ പ്രധാന താവളമായ കാനറി ദ്വീപുകളിലെ (Canary Islands) അര്‍ഗ്വിനെഗ്വിന്‍ (Arguineguin) തുറമുഖം സന്ദര്‍ശിച്ച് ചരിത്രപരമായ പ്രഖ്യാപനങ്ങളുമായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. തന്റെ മുന്‍ഗാമി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വലിയൊരു ആഗ്രഹ പൂര്‍ത്തീകരണം കൂടിയായിരുന്നു ഈ സന്ദര്‍ശനം.
യൂറോപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അറ്റ്ലാന്റിക് സമുദ്രത്തിലും മെഡിറ്ററേനിയന്‍ കടലിലും വെച്ച് ജീവന്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് അഭയാര്‍ത്ഥികളുടെ ഓര്‍മ്മയ്ക്കായി മാര്‍പ്പാപ്പ കടലിലേക്ക് പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് തടിച്ചുകൂടിയ കുടിയേറ്റക്കാരെ സാക്ഷിനിര്‍ത്തി യൂറോപ്യന്‍ ഭരണാധികാരികളുടെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ പ്രതികരിച്ചു.
"മനുഷ്യന്റെ അന്തസ്സിന് പാസ്പോര്‍ട്ട് നോക്കേണ്ടതില്ല"തന്റെ മുന്നിലിരുന്ന കുടിയേറ്റക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍പ്പാപ്പ വികാരനിര്‍ഭരമായാണ് സംസാരിച്ചത്.
തീരങ്ങള്‍ ശവപ്പറമ്പുകളാക്കരുത്: "നമ്മുടെ തീരങ്ങളില്‍ വെച്ച് മനുഷ്യര്‍ അനുഭവിക്കുന്ന വേദനകള്‍ വെറുമൊരു സാധാരണ കാഴ്ചയായി കാണാന്‍ ചരിത്രം നമ്മെ അനുവദിക്കാതിരിക്കട്ടെ. കടല്‍ത്തീരങ്ങളെ അജ്ഞാത ശവപ്പറമ്പുകളാക്കി മാറ്റാന്‍ അനുവദിച്ചുകൊണ്ട് യൂറോപ്യന്‍ നേതാക്കള്‍ക്ക് ഒരിക്കലും തങ്ങള്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടാന്‍ കഴിയില്ല" എന്ന് മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു.
തകര്‍ന്നുപോയ അഭയാര്‍ത്ഥി വള്ളങ്ങളുടെ തടികൊണ്ട് നിര്‍മ്മിച്ച കുരിശിന് മുന്നില്‍ നിന്നുകൊണ്ട് അദ്ദേഹം കുടിയേറ്റക്കാരോട് പറഞ്ഞു: പ്രിയപ്പെട്ടവരെ, നിങ്ങളോട് മറ്റെന്തെങ്കിലും സംസാരിക്കുന്നതിന് മുന്‍പായി നിങ്ങളുടെ ഈ അന്തസ്സിന് മുന്നില്‍ ഞാന്‍ തലകുനിക്കുന്നു. നിങ്ങള്‍ വെറും ഫയലുകളിലെ അക്കങ്ങളോ രേഖകളോ അല്ല. കുടുംബത്തെയും വീടിനെയും ഉപേക്ഷിച്ച് വന്നിട്ടുള്ള, ആരും തകര്‍ക്കാന്‍ പാടില്ലാത്ത വലിയ സ്വപ്നങ്ങളുള്ള മനുഷ്യരാണ് നിങ്ങള്‍."
എന്താണ് അര്‍ഗ്വിനെഗ്വിന്‍ തുറമുഖത്തിന്റെ പ്രാധാന്യം ?
ആഫ്രിക്കന്‍ ഭൂഖണ്ഡത്തോട് ഏറ്റവും അടുത്തു കിടക്കുന്ന സ്പെയിനിന്റെ ദ്വീപസമൂഹമാണ് കാനറി ദ്വീപുകള്‍. അതിനാല്‍ ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് കടക്കാന്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ വഴിയാണ്.
നാണക്കേടിന്റെ തുറമുഖം: കോവിഡ് മഹാമാരിയുടെ സമയത്ത് അയ്യായിരത്തിലധികം അഭയാര്‍ത്ഥികള്‍ കടുത്ത ദാരിദ്യ്രത്തിലും ദുരിതത്തിലും ഈ തുറമുഖത്ത് ആകാശക്കീഴില്‍ കിടക്കേണ്ടി വന്നതിനെത്തുടര്‍ന്ന് രാജ്യാന്തര മാധ്യമങ്ങള്‍ ഇതിനെ 'നാണക്കേടിന്റെ തുറമുഖം' (Dock of Shame) എന്ന് വിശേഷിപ്പിച്ചിരുന്നു.
വന്‍ ദുരന്തങ്ങള്‍ നിറഞ്ഞ പാത: 2014 മുതല്‍ ഈ അറ്റ്ലാന്റിക് പാതയിലൂടെയുള്ള യാത്രയ്ക്കിടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 6,600~ലധികം ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ 25,000~ത്തിന് മുകളിലാണെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തല്‍.
കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ശക്തമാകുന്ന യൂറോപ്യന്‍ രാഷ്ട്രീയത്തിന്റെ 'മനസ്സാക്ഷിയെ' ചോദ്യം ചെയ്തുകൊണ്ടുള്ള അമേരിക്കക്കാരനായ പുതിയ മാര്‍പ്പാപ്പയുടെ ഈ സന്ദര്‍ശനം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

Comments: